About Us

ജ്ഞാനപുഷ്പങ്ങൾ വിടരുന്ന ആരാമ മുറ്റത്തിലേക്ക്

ഒരു പ്രസ്ഥാനവും സ്വയമേവ രൂപം കൊള്ളുന്നതല്ല. അതിൻ്റെ പിന്നിൽ ബോധപൂർവമായ  പ്രവർത്തനം നിശ്ചയമായും നടന്നിരിക്കും .അലവിൽ പ്രവർത്തിച്ചു വരുന്ന ശ്രീ നാരായണ വിലാസം വായനശാലയുടെ  സ്ഥിതിയും അതിൽ നിന്നും വ്യത്യസ്തമല്ല.

 

              അജ്ഞാന അന്ധകാരത്തെ  നിർമാർജനം ചെയ്യാൻ വിജ്ഞാന ദീപ പ്രഭാങ്കുരം ജ്വലിപ്പിക്കണം എന്ന സാത്വിക വീക്ഷണത്തെ ഉൾക്കൊണ്ട്‌ 1925 ൽ അലവിൽ പ്രദേശത്തുള്ള പുതിയ കാവ് മാരിയമ്മ കോവിൽ ക്ഷേത്രത്തി൯റെ ഓഫീസിൽ സമ്മേളിച്ച അക്കാലത്തെ വിവേകോദയ സംഘത്തി൯റെ ഒരു സാധാരണ യോഗത്തിൽ വെച്ചാണ് ഒരു വായനശാല വേണം എന്ന ആശയത്തി൯റെ മുളപൊട്ടിയത് .അതിനാൽ സരസ്വതിയുടെ രൗദ്ര രൂപമായ ഭദ്രകാളിയുടെ ആസ്ഥാനത്ത്‌ ഉൽഭവമായ മറ്റൊരു സരസ്വതി ക്ഷേത്രമാണ് ശ്രീ നാരായണ വിലാസം വായനശാല എന്ന് കാണാവുന്നതാണ് .ശ്രീ നാരായണ ഗുരുവി൯റെ പേരും  പ്രശസ്‌തിയും ഒരു പക്ഷേ ഇന്നെത്തെക്കാൾ വ്യാപകമായിരുന്നു അക്കാലത്ത് ,വായനശാലക്ക് മറ്റൊരു പേര് അന്വേഷിക്കേണ്ടി  വന്നിട്ടുണ്ടായിരിക്കയില്ല .മാത്രവുമല്ല ,അന്ന് “ശ്രീനാരായണീയർ ” എന്ന വിശേഷണ പദം ഭാഷയിൽ ഉൽഭവിച്ചിരുന്നില്ല .അതി൯റെ ഉദാഹരണമാണ് ,അക്കാലത്ത് തലശ്ശേരിയിൽ ആരംഭിച്ച എസ് .എൻ .ഡി .പി യോഗത്തി൯റെ  പ്രസിഡണ്ട് പദവിയിൽ ശ്രീ .വി.ആർ .കൃഷ്ണയ്യരും ,സെക്രട്ടറി സ്ഥാനത്ത് ശ്രീ.എൻ.ഇ ബാലറാമും അവരോധിക്കപ്പെട്ടു എന്നുള്ളത് .ഇതിൽ ഒരാൾ അയ്യരും ,മറ്റേ ആൾ  മാരാരുമാണ് എന്നതിൽ നിന്ന്.അക്കാലത്ത് ശ്രീ നാരായണ ഗുരുവി൯റെ സിദ്ധാന്തങ്ങൾ സർവ ജനത്തെയും സ്വാധീനിച്ചിരുന്നു എന്ന് മനസിലാക്കാം അതിനാൽ തന്നെ എല്ലാ വിഭാഗം ജനങ്ങളും അഹമഹമികയാ ഈ വായനശാലയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചു കൊണ്ട് മുന്നോട്ടു വരിക ഉണ്ടായി ,എന്നത് എടുത്തു പറയണ്ട സന്തോഷകരമായ കാര്യമാണ്.

 

.              ഉത്ഭവ കാലം മുതലേ സരസ്വതി ഒപ്പം നിലകൊണ്ടതിനാലും ,മഹാത്മാഗാന്ധിയുടെ ദേശിയ രാഷ്ട്രീയ പ്രവർത്തനങ്ങളും ,ശ്രീ നാരായണ ഗുരു, വാഗ്ഭടാനന്ദൻ , തുടങ്ങിയ ആത്മീയ ആചാര്യന്മാരുടെ ഉൽബോധങ്ങളും പ്രദേശത്തെ ജനമനസ്സുകളെ ആഴത്തിൽ സ്പർശിക്കുകയും ,ഒന്ന് രണ്ടു പുൽ പായയും ,അഞ്ചെട്ട് പുസ്തകങ്ങളുമായി ആരംഭിച്ച വായനശാല അടി വെച്ചടിവെച്ചു മുന്നോട്ടു കുതിക്കുകയായിരുന്നു .ആരംഭിച്ചു കേവലം ഏഴു വര്ഷം കൊണ്ട് ,1933 ൽ വായനശാലക്ക് ഒരു വലിയ കെട്ടിടം സ്വന്തമാക്കാൻ സാധിച്ചു .തുടർന്ന് 1937  മെയ് മാസത്തിൽ വായനശാല രജിസ്റ്റർ ചെയ്തു .1947 മുതൽ സർക്കാർ സഹായം ലഭിച്ചു തുടങ്ങിയതോടെ ,വായനശാലയ്‍യുടെ പ്രവർത്തനങ്ങളിൽ അത്ഭുതപൂർവ്വമായ പുരോഗതി കാണപ്പെട്ടു .1951  ൽ വിപൂലമായ പരിപാടികളോടെ നടത്തിയ രജത ജൂബിലി ആഘോഷ കമ്മിറ്റിയുടെ  അധ്യക്ഷൻ പ്രമുഖ വ്യവസായി ആയിരുന്ന  .ശ്രീ.എ.കെ .നായരും ,നാട്ടുകാരനായ സുകുമാർ  അഴിക്കോടും ,പോസ്റ്റ്മാസ്റ്റർ ആയിരുന്ന ശ്രീ.പി.പി.ശ്രീധരൻ മാസ്റ്ററുമായിരുന്നു .ശ്രീ.ബാബു രാജേന്ദ്ര പ്രസാദ് ,ശ്രീ.രാജഗോപാലാചാരി ,എന്നീ മഹാന്മാരുടെ പാദസ്പർശം ഈ വായനശാലയെ സംസ്കരപുളകിതമാക്കിയിട്ടുണ്ട്.ഗാന്ധിജിയുടെ ഒരു ഛായാപടം ശ്രീ .രാജഗോപാലാചാരി അനാച്ഛാദനം ചെയ്തത് ഇന്നും വായനശാലയിൽ നിലനിൽക്കുന്നു കൂടാതെ കേരളത്തിലെ ഏതാനും മന്ത്രിമാർ ,ധാരാളം നിയമസഭാ സാമാജികർ ,വിദ്യാഭ്യാസ വിദഗ്ദർ ,സഹിത്യകാരന്മാർ ,കലാകാരൻമാർ തുടങ്ങി വിവിധ മേഖലയിലുള്ള   പ്രവർത്തകരുടെ സൽപേരുകളും ഈ വായനശാലയുടെ സന്ദർശക ഡയറിയെ സമ്പന്നമാക്കിയിട്ടുണ്ട് .

 

                   1980 ൽ നടത്തിയ വിപുലമായ കനക ജൂബിലി ആഘോഷവും ,2001 ൽ നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷവും അലവിൽ പ്രദേശത്തി൯റെ സാംസ്‌കാരിക ചരിത്രത്തിൽ സുവർണ ശോഭയോടെ പ്രസരിക്കുന്ന സംസ്കാര ചിന്ഹങ്ങളായി നില കൊള്ളുന്നു .

‘അക്ഷരം’ എന്നുള്ള സംസ്‌കൃത പദത്തി൯റെ.’വാഖ്യാർത്ഥം  നശിക്കാത്തത്‌     എന്നാണ്‌   ‘’ക്ഷരം”     നശിക്കുന്നതിനെ  കുറിക്കുന്നു നാശമില്ലാത്ത അക്ഷര കൂട്ടങ്ങളെ വാരിയെടുത്ത്‌ പിൻതലമുറക്ക്‌ വേണ്ടി സംരംഭിച്ച്‌      സൂക്ഷിച്ചു     വെച്ചിട്ടുള്ള      ഈ      സരസ്വരിക്ഷേത്രത്തിൽ നിലവിൽ   23,429   പുസ്തകങ്ങളും   30   ൽ   അധികം  പത്ര       മാസികകളും ലഭ്യമാണ്‌  കുട്ടികൾക്ക്‌  വേണ്ടിയുള്ള പുസ്തകങ്ങൾ  മാത്രം  ഉൾകൊള്ളുന്ന (പത്യേക  ബാല വിഭാഗവും  ഇവിടെ സജീവമായി പ്രവർത്തിക്കുന്നു.

 

                      “വൈരാഗ്യമേറിയ വൈദികനാട്ടെ, യേറ്റം

                        വൈരിക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ,

                        നേരെ വിടർന്നു വിലസീടു‌ന്ന നിന്നെ നോക്കി ,

                        ആരാകിലെത്തു മിഴിയുള്ളവർ  നിന്നിരിക്കാം “

 

എന്ന്‌  മഹാകവി  കുമാരനാശാൻ  പാടിയിട്ടുള്ളത്‌ അലവിൽ  ശ്രീ നാരായണ   വിലാസം   വായനശാലക്കും   ബാധകമാവുന്നതാണ്‌  .   നേരെ വിടർന്നു വിലസുന്ന  ഈ വിജ്ഞാന  കുടുംബത്തിൽ   നിന്നു അറിവിൻറെ തേൻ നുകരുവാനും,  ജ്ഞാന സനന്ദര്യം ആസ്വദിക്കാനും സകലമാനം പേരും   ഈ ആദ്ധ്യാത്മ വിദ്യാലയ    മുറ്റത്ത്‌ എത്തിച്ചേരുന്നു എന്നത്‌ ഏവർക്കും  ആഹ്ളാദകരമായ  കാര്യമാണ്‌  വായനശാലയുടെ പഴയ കാല റിപ്പോർട്ട്    അനുസരിച്ച്‌    1978-80 കാലഘട്ടം  വരെ ഏതാണ്ട്‌  ഒരു  ലക്ഷം പേര്‌   ഈ   സ്ഥാപനം  പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌  എന്നുള്ളത്‌  ,  കണ്ണൂര്‍ ജില്ലയിലെ   പ്രധാന  എ ഗ്രേഡ് ലൈബ്രറികളിൽ   ഒന്നായ  ശ്രീ നാരായണ വിലാസം വായനശാലയുടെ  പ്രൗഢിയുടെ തിലകക്കുറിയുമായി അവശേഷിക്കുന്നു.

 

 

തയ്യാറാക്കിയത്‌ : കൊറ്റിയത്ത്‌ സദാനന്ദന്‍